കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ആയ ഹെൻറിച്ച് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ 83 പന്തിൽ നിന്ന് 174 റൺസ് എന്ന റെക്കോർഡ് തകർത്തത് ഏറെ ശ്രദ്ധ നേടിയ താരമാണ് ക്ലാസൻ. ഇന്ത്യയ്‌ക്കെതിരായ 2 മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്നാണ് ക്ലാസന്റെ വിരമിക്കൽ തീരുമാനമെന്നാണ് ചില ദക്ഷിണാഫ്രിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മധ്യനിരയിലെ മികച്ച ഹിറ്ററായ ഹെൻറിച്ച് ക്ലാസെൻ ദക്ഷിണാഫ്രിക്കൻ ടീമിന്റെ കരുത്തുറ്റ താരമായിരുന്നു. എന്നാൽ അവസാന 4 വർഷത്തിനിടെ 4 ടെസ്റ്റുകൾ മാത്രമാണ് കളിച്ചത്. ഏകദിന മത്സരങ്ങളിൽ ആയിരുന്നു ക്ലാസൻ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നത്. 2019 നും 2023 നും ഇടയിൽ നാല് ടെസ്റ്റുകൾ കളിച്ചു ക്ലാസൻ 13.00 ശരാശരിയിൽ 108 റൺസ് ആണ് നേടിയിരുന്നത്.
“ഞാൻ എടുക്കുന്നത് ശരിയായ തീരുമാനമാണോ എന്ന് ചിന്തിച്ചുള്ള ഉറക്കമില്ലാത്ത കുറച്ച് രാത്രികൾക്ക് ശേഷം, ഞാൻ റെഡ്-ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, കാരണം ഇത് ഗെയിമിലെ എന്റെ പ്രിയപ്പെട്ട ഫോർമാറ്റാണ്” എന്നാണ് ക്ലാസൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനക്കുറിപ്പിൽ വ്യക്തമാക്കിയത്. വൈറ്റ് ഗോൾ ക്രിക്കറ്റിൽ തുടരുമെന്നും ക്ലാസൻ വ്യക്തമാക്കി.