ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

കൊച്ചി : ഫെഫ്കയില്‍ നിന്നും രാജിവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകില്ല താനെന്നാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്.

സെഷന്‍സ് കോടതി വിധിയെ അന്തിമ വിധിയെന്ന നിലയിലാണ് സംഘടനകള്‍ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് സുപ്രീം കോടതി പറയണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

വിധിക്ക് പിന്നാലെ ദിലീപിനെ പുറത്താക്കിയത് വേഗത്തിലായിരുന്നുവെന്നും അപേക്ഷ തന്നാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെടുക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതിനിധി ബി രാഗേഷും സമാന പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി.

താനും കൂടിയുള്ളപ്പോള്‍ രൂപീകരിച്ച സംഘടന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നില്ലെന്ന് തോന്നിക്കഴിഞ്ഞാല്‍ ഇറങ്ങുകയല്ലാതെ മറ്റൊരു വഴിയില്ല. അതിജീവിതകള്‍ക്കൊപ്പം നില്‍ക്കില്ലെന്ന് സിനിമാ മേഖലയിലെ മൂന്ന് സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു. അവര്‍ പണവും സ്വാധീനവുമുള്ളവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

”എന്ത് വേഗത്തിലാണ് ഈ സംഘടനകള്‍ ദിലിപീനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് എന്ന് നോക്കൂ. ഒരു കത്ത് തരാന്‍ കാത്തു നില്‍ക്കുകയാണ്. ഈ പറയുന്നവര്‍ അവളോട് ഒന്ന് സംസാരിച്ചിട്ടില്ല. ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചിട്ടില്ല. ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും സഞ്ചരിക്കുന്നത് എന്ത് വൃത്തികെട്ട നിലപാടില്ലായ്മയാണ്” എന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!