ഇനി അങ്ങോട്ട് ആടുകാലം. മലയാളികൾ ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി ജയസൂര്യയും മിഥുൻ മാനുവൽ തോമസും. ആടിന്റെ മൂന്നാം ഭാഗമാണ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. ആട്ടിൻ കുട്ടികളെ എടുത്തു നിൽക്കുന്ന ജയസൂര്യയേയും മിഥുൻ മാനുവൽ തോമസിനേയും വിജയ് ബാബുവിന്റേയും ചിത്രവും പോസ്റ്റ് ചെയ്തു.
‘പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് “ആടുകാലം”‘- എന്ന കുറിപ്പിലാണ് ജയസൂര്യ ചിത്രം പങ്കുവച്ചത്. പഴയ ടീം തന്നെയായിരിക്കും ചിത്രത്തിലുണ്ടാവുക എന്നാണ് സൂചന. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പ്രഖ്യാപനം. നിരവധി പേരാണ് പോസ്റ്റിനു താഴെ സന്തോഷം അറിയിക്കുന്നത്.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015ലാണ് ആട് ഒരു ഭീകരജീവിയല്ല എന്ന ആദ്യ ഭാഗം രംഗത്തെത്തുന്നത്. തിയറ്ററിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വലിയ രീതിയിൽ പ്രശംസ നേടി. 2017ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ജയസൂര്യ, സൈജു കുറിപ്പ്, ഇന്ദ്രൻസ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയിൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. മൂന്നാം ഭാഗത്തിനും ഇവർ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫ്രൈഡെ ഫിലിം ഹൗസാണ് ചിത്രം നിർമിക്കുന്നത്.