ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം… ആലപ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊച്ചി : തകരാറിലായ ലോറി നന്നാക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.

ഇരുമ്പനം എച്ച്.പി ടെർമിനലിനുള്ളിൽ വെച്ചായിരുന്നു അപകടം. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു.

അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എച്ച്.പി ടെർമിനലിൽ എഥനോൾ ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തിയിട്ടു. പിന്നീട് ഇതിൽ നിന്നും ഇറങ്ങിയ ഡ്രൈവർ രേഖകൾ കാണിക്കുന്നതിനായി സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത് ലോറി തനിയെ മുന്നോട്ട് ഉരുണ്ട് പോയി. സർവീസ് സെന്ററിന്റെ വാഹനത്തിൽ ഇടിച്ച ശേഷം റിപ്പയർ നടത്തി കൊണ്ടിരുന്ന ലോറിയിലിടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു എഥനോൾ ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങി.

തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിലേക്ക് ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ എഥനോൾ ലോറി മതിയായ സുരക്ഷയില്ലാതെ പാർക് ചെയ്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ ഹിൽപ്പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!