‘ആ അധ്യായം ഇവിടെ അവസാനിക്കുന്നു’.. ഒടുവിൽ മൗനം വെടിഞ്ഞ് സ്മൃതിയും പലാഷ് മുഛലും…

പലാഷ് മുഛലുമായുള്ള വിവാഹത്തിന്റെ കാര്യത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ സ്മൃതി മന്ദാന. വിവാഹം റദ്ദാക്കിയതായി മന്ദാന ആദ്യമായി സ്ഥിരീകരിച്ചു. ഈ അധ്യായം ഇവിടെ അവസാനിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും മന്ദാന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി തുടര്‍ന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, മുന്നോട്ട് പോകാന്‍ സമയമായി എന്നും താരം കുറിച്ചിട്ടു.

‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തിൽ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എങ്കിലും, ഈ വിവാഹം വേണ്ടെന്നുവെച്ചതായി വ്യക്തമാക്കുന്നു. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിച്ച് സ്വന്തം രീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു.ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി’, എന്നായിരുന്നു സ്മൃതിയുടെ കുറിപ്പ് .

അതിനിടെ സ്മൃതി മന്ദാനയുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും രംഗത്തുവന്നു. ജീവിതത്തില്‍ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചുവെന്നും തന്നെക്കുറിച്ച് വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ തന്റെ ടീം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പലാഷ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!