കൊച്ചി: തന്റെ മരണം വരെ മാതാ അമൃതാനന്ദമയിയുടെ മകനായിരിക്കുമെന്ന് നടന്‍ സലിം കുമാര്‍. താന്‍ ഇപ്പോഴും ഇങ്ങനെ നില്‍ക്കാന്‍ കാരണം അമൃതാനന്ദമയിയാണെന്നും തനിക്ക് പ്രയാസങ്ങള്‍ വരുമ്പോഴെല്ലാം അമ്മയെ കാണാന്‍ ചെല്ലുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വളരെ സന്തോഷത്തിലാണ് ഞാന്‍. എന്റെ ഡീസല്‍ തീരുമ്പോഴാണ് അമ്മയെ ഓരോ പ്രാവശ്യവും കാണാന്‍ വരുന്നത്. ഡീസലടിച്ചിട്ട് ഞാന്‍ പോകും. മാനസിക വ്യഥ അനുഭവിക്കുന്ന സമയങ്ങളില്‍ അമ്മ എവിടെയാണെങ്കിലും ഞാന്‍ കാണാന്‍ ചെല്ലും. തിരിച്ചുപോകുന്നത് നിറഞ്ഞ മനസോടും സന്തോഷത്തോടും കൂടിയായിരിക്കും. ഈ നില്‍ക്കുന്ന സലിംകുമാര്‍ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസംഗിക്കാന്‍ ഒരേയൊരു കാരണക്കാരിയേയുള്ളൂ. അത് അമ്മയാണ്.
കാരണം നിങ്ങള്‍ക്കറിയാം, മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരക രോഗത്തിന് അടിമയായപ്പോള്‍ ഞാന്‍ ഒരുപാട് സഹായിച്ച എന്റെ ബന്ധുക്കള്‍ പോലും കൈയൊഴിഞ്ഞ സമയമുണ്ടായിരുന്നു. അന്ന് ഞാന്‍ അമ്മയുമായി അത്ര ബന്ധമില്ല. അപ്പോള്‍ അമ്മയെ ചെന്ന് കാണാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് അവര്‍ ചെന്ന് കാണാന്‍ പറഞ്ഞത്.
എങ്ങനെയാണ് ഇതുവരെ കാണാത്ത ഒരാളോട് സഹായം ചോദിക്കുക. എനിക്ക് ഭയങ്കര ബുദ്ധിമുട്ട്. വേണ്ട, അമ്മയെ ഒന്ന് കാണാമെന്ന് കരുതി. ഞാന്‍ ചെന്നപ്പോള്‍ എന്താ മോനെ വന്നതെന്ന് അമ്മ ചോദിച്ചു. അന്ന് എനിക്ക് 45 വയസേയുള്ളൂ. നാല് കൊല്ലം മുമ്പ്. ആശുപത്രി രജിസ്റ്ററില്‍ 59 വയസെന്നാണ് എഴുതിയിരിക്കുന്നത്. അതൊന്നു മാറ്റിത്തരണമെന്ന് അമ്മയോട് ഞാന്‍ പറഞ്ഞു. ആ സമയത്ത് അമ്മ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചു.
ഞാന്‍ വേറൊന്നും പറഞ്ഞില്ല. അപ്പോള്‍ ധൈര്യമായി പോയി ഓപ്പറേഷന്‍ ചെയ്യൂ മകനേ എന്ന് അമ്മ എന്നോട് പറഞ്ഞു. നിന്നെ എനിക്ക് വേണമെന്ന് ലോകത്താകെ എന്നോട് പറഞ്ഞത് അമ്മ മാത്രമായിരുന്നു. ഇരുട്ടില്‍ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്. ജീവിതം മുഴുവന്‍ ഞാന്‍ അമ്മയോട് കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ഒരു മകനായിട്ട് എന്റെ മരണം വരെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം, സലിം കുമാര്‍ പറഞ്ഞു.
