സ്ട്രെച്ചർ വേണ്ട, സന്നിധാനത്ത് മരണമുണ്ടായാൽ മൃതദേഹം ആംബുലൻസിൽ താഴെ എത്തിക്കണം; ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയിൽ മരണങ്ങളുണ്ടായാൽ മൃതദേഹം താഴെയെത്തിക്കാൻ ആംബുലൻസുകൾ ഉപയോഗിക്കണമെന്നു ഹൈക്കോടതി. മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ഇറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണു ഉത്തരവ്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

ശബരിമലയിൽ ഓരോ സീസണിലും മണ്ഡല, മകരവിളക്കു കാലത്ത് 150ഓളം പേർക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്കാക്കുന്നത്. 40ഓളം പേർക്ക് ജീവൻ നഷ്ടപ്പെടാറുമുണ്ട്. എന്നാൽ മൃതദേഹങ്ങൾ സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ നിന്നു സ്ട്രെച്ചറിൽ ചുമന്നു താഴെ ഇറക്കുകയാണ് ചെയ്യുന്നത്. ഇനി മുതൽ അങ്ങനെ ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദ്ദേശം.

അസുഖബാധിതരായവരെ താഴെ ഇറക്കാൻ നേരത്തെ തന്നെ ആംബുലൻസിൽ സംവിധാനമുണ്ട്. ഈ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നു താഴെയിറക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ശബരിമലയിലേക്ക് തീർഥാടകർ മുകളിലേക്ക് കയറുമ്പോൾ അതിനു തൊട്ടടുത്തു കൂടി മൃതദേഹങ്ങൾ താഴെയിറക്കുന്നത് തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!