‘രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്’

കൊച്ചി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ ലൈംഗിക വൈകൃത നടപടികളല്ലേ അയാളില്‍ നിന്ന് ഉണ്ടായത്? അത് ഒരു പൊതുപ്രവര്‍ത്തകനും പൊതുസമൂഹത്തിനും ചേര്‍ന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അത്തരം ഒരു പൊതുപ്രവര്‍ത്തകനെ ആരോപണം വന്നപ്പോള്‍ തന്നെ മാറ്റി നിര്‍ത്തുകയല്ലേ വേണ്ടിയിരുന്നത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരം നേതൃത്വം അറിഞ്ഞിരുന്നു എന്നാണ് കാണുന്നത്. എന്നിട്ടും ഭാവിയിലെ നിക്ഷേപം എന്നുവിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. ഏതെങ്കിലും ഒരുപാര്‍ട്ടി അങ്ങനെ ചെയ്യുമോ?. അകറ്റിനിര്‍ത്താന്‍ അല്ലേ ശ്രമിക്കേണ്ടത്?. കോണ്‍ഗ്രസ് വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയല്ലേ?. ആ പാരമ്പര്യം തീര്‍ത്തും കളഞ്ഞുകുളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാത്തത് ഒത്തുകളിയെന്നാണ് ചിലര്‍ പറയുന്നത്. അതൊക്കെ നമ്മുടെ സമൂഹത്തില്‍ എല്ലാവരും വിലയിരുത്തുന്ന കാര്യമാണ്. പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്ന നടപടികളാണ് ചിലര്‍ സ്വീകരിച്ചിട്ടുള്ളത്. പോയ സ്ഥലങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അത് ബോധപൂര്‍വം സംരക്ഷിക്കുന്ന ചില നടപടികള്‍ എടുത്തെന്നാണ് സംശയിക്കുന്നത്. ഇനിയെങ്കിലും അത്തരം നടപടികള്‍ എടുക്കാതിരിക്കുക. പൊലീസ് ഫലപ്രദമായി തന്നെ പ്രവര്‍ത്തിച്ച് ആളെ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാൻ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാൻ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കേണ്ട’’ – മുഖ്യമന്ത്രി പറഞ്ഞു.

എംപി എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് ജോണ്‍ ബ്രിട്ടാസ് നിര്‍വഹിച്ചത്‌. എംപിമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരാണ്. ആ പ്രവര്‍ത്തനം ഏറിയും കുറഞ്ഞും ഇപ്പോള്‍ എംപിമാര്‍ നടത്താറുണ്ട്. ബ്രിട്ടാസിന്റെ ഇടപെടല്‍ ശേഷി നാട് അംഗീകരിക്കുന്നതാണ്. അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള നടപടിയായി കാണേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

കേരളം കഴിഞ്ഞ മാസം നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ നമുക്ക് കഴിഞ്ഞു. അധികാരവികേന്ദ്രീകരണം നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. സംസ്ഥാനത്ത് നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ മതനിരപേക്ഷതയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് കൂടുതല്‍ കരുത്തുപകരുന്നവായാണ്. മതനിരപേക്ഷതയുടെതായ പ്രത്യേകത നമ്മുടെ നാടിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നതുമാണ്. ഇതിനെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള സമീപനമായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സ്വീകരിക്കണമെന്നതാണ് അഭ്യര്‍ഥന- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!