ഹൈദരാബാദ്: സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 133 റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 298 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സഞ്ജുവാണ് കളിയിലെ താരം.
വിജയത്തോടെ ബംഗ്ലാദേശിനെതിരായ ടി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ഹൈദരാബാദില്‍ മാസ്മരിക ഇന്നിങ്ങ്‌സ് കാഴ്ച വെച്ച 40 പന്തില്‍ നിന്നാണ് ടി 20യിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. സഞ്ജു 47 പന്തില്‍ നിന്നും 111 റണ്‍സെടുത്ത് പുറത്തായി. ഓരോവറില്‍ നേടിയ അഞ്ചെണ്ണം അടക്കം എട്ട് സിക്‌സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ഇതിൽ ആറ് സിക്സറുകളും എട്ട് ബൗണ്ടറികളും ഉൾപ്പെടുന്നു. പിന്നാലെയെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടർന്നു. പരാഗ് 13 പന്തില്‍ നിന്ന് 34 റൺസ് നേടി. 18 പന്തില്‍ നിന്ന് 47 റൺസ് വാരിക്കൂട്ടിയ ശേഷമാണ് ഹർദിക് മടങ്ങിയത്.