സര്‍ക്കാരിനെക്കാള്‍ അധികാരം; അസിം മുനീർ പാക് സംയുക്ത സേനാ മേധാവി

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. പാക് ചരിത്രത്തിലെ ആദ്യ സര്‍വ സൈന്യാധിപനാണ്. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.

ഇതോടെ, കേസുകളില്‍ നിന്നും വിചാരണയില്‍ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. നവംബര്‍ 12 ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് നീക്കം. സര്‍വ സൈന്യങ്ങളെയും ഏകീകരിക്കുക, നിര്‍ണായക സാഹചര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ കര്‍ത്തവ്യം. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീര്‍. കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്.

അതേ സമയം, ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ട് ശക്തമാകുകയാണ്. സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബര്‍ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ അംഗം തിലക് ദേവാഷര്‍ വെളിപ്പെടുത്തിയിരുന്നു. അസീം മുനീര്‍ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!