തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.

ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും  മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാന്‍ എല്ലാവിധ ശ്രമവും നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുന്‍ എംഎല്‍എയെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകും എന്നാണ് വിലയിരുത്തല്‍. കണ്ടുപഴകിയ മുഖങ്ങള്‍ക്കു പകരം പൊതു സ്വീകാര്യതയാണ് പാര്‍ട്ടി പ്രധാനമായും പരിഗണിച്ചത്. ശബരിയിലൂടെ വിദ്യാസമ്പന്നരുടെ അടക്കം വോട്ട് ആകര്‍ഷിക്കാം എന്നാണ് കണക്കുക്കൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!