പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. ജെവിസി പോള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം. 243 അംഗനിയമസഭയില്‍ എന്‍ഡിഎ 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടാനാകും. ഇന്ത്യാസഖ്യത്തിന് 93 മുതല്‍ 112 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 81 വരെ സീറ്റുകള്‍ ലഭിക്കുമെന്നും അധികാരത്തിലിരിക്കുന്ന ജെഡിയുവിന് 42 മുതല്‍ 48 സീറ്റകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേഫലം. മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് 69 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 9 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് 18 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് ഒരുസീറ്റ് ലഭിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര്‍ പിന്തുണച്ചത് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയാണ്. 33 ശതമാനം പേരാണ് തേജസ്വിയെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്തുള്ള നിതീഷ് കുമാറിന് 29 ശതമാനം പേരാണ് പിന്തുണച്ചത്. ചിരാഗ് പാസ്വാനും പ്രശാന്ത് കിഷോറിനും പത്ത് ശതമാനം പേരുടെ പിന്തുണ കിട്ടി. എന്‍ഡിഎയ്ക്ക് 43 ശതമാനം വരെ വോട്ടുകള്‍ ലഭിക്കുമ്പോള്‍ മഹാസഖ്യത്തിന് 41 ശതമാനം വരെ വോട്ടുകള്‍ ലഭിക്കും.
രണ്ടുഘട്ടങ്ങളായാണ് ഇത്തവണ ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ പതിനൊന്നിനുമാണ്. പതിനാലിനാണ് വോട്ടെണ്ണല്‍.
