പാറ്റ്ന : ബിഹാർ മുൻ ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദി (72)അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി എയിംസിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്‌ച പട്‌ന രാജേന്ദ്രനഗറിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കും. സംസ്‌കാരം വൈകിട്ട് നടക്കും. മൂന്നു പതിറ്റാണ്ടിലേറെയായി ബിഹാറിൽ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.
കോട്ടയം വാഴൂർ സ്വദേശിയായ ജെസ്സി ജോർജ് ആണ് ഭാര്യ.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിന്നു.
രാജ്യസഭാ കാലാവധി അവസാനിച്ചതിനുശേഷം വീണ്ടും ടിക്കറ്റ് നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ലോക്സഭാ സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു സൂചന.
എന്നാൽ, രോഗം മൂർച്ഛിച്ചതോടെ വിട്ടുനിന്നു. നാലു സഭകളിലും അംഗമെന്ന അപൂർവ നേട്ടത്തിന് ഉടമയാണ് സുശീൽ മോദി. 2005–2013 കാലത്തും 2017–2020 കാലത്തും ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി.