ചെന്നൈ : ധനുഷ്‌കോടിയിലെ അരിച്ചാൽ മുനമ്പിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ പുഷ്പാർച്ചന നടത്തി. ലങ്കയിലേക്ക് നിർമ്മിച്ച രാമസേതുവിന്റെ ആരംഭം അരിച്ചാൽ മുനമ്പിൽ നിന്നുമാണെന്നാണ് ഹൈന്ദവരുടെ വിശ്വാസം.
രാവിലെ പ്രധാനമന്ത്രി കോതണ്ഡരാമ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അരിച്ചാൽ മുനമ്പിൽ എത്തിയത്. താമരയുൾപ്പെടെ ഏഴോളം പുഷ്പങ്ങളും തുളസിയും കൊണ്ടായിരുന്നു അദ്ദേഹം പുഷ്പാർച്ചന നടത്തിയത്. രാമായണത്തിൽ ഏറെ പ്രാധാന്യം ഉള്ള സ്ഥലമാണ് അരിച്ചാൽ മുനമ്പ്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നിർവ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇതിന്റെ ഭാഗമായി കഠിന വ്രതത്തിലാണ് അദ്ദേഹം. ഇതിനോട് അനുബന്ധിച്ച് രാമായണവുമായി ബന്ധപ്പെട്ടുള്ള ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തുന്നുണ്ട്.
നേരത്തെ ഗുരുവായൂർ, തൃപ്രയാർ എന്നീ ക്ഷേത്രങ്ങളിൽ എത്തി പ്രധാനമന്ത്രി തൊഴുതിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വിവിധ ക്ഷേത്രങ്ങൾ ദർശനം നടത്താൻ അദ്ദേഹം തമിഴ്‌നാട്ടിൽ എത്തിയത്. കഴിഞ്ഞ ദിവസം ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.