കോഴഞ്ചേരി : പന്തളം ബ്ളോക്കിന്റെ നേതൃത്വത്തില്‍ ആറന്മുള എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന തൊഴിലമേള വന്‍ വിജയം- ജില്ലയിലെ മറ്റ് ബ്ളോക്കുകളിലെ തൊഴില്‍ മേളകള്‍ ഒക്ടോബര്‍ 25 നും നവംബര്‍ 1 നും നടക്കും.
വിജ്ഞാനകേരളം ‘ഹയർ ദി ബെസ്റ്റ്’ പദ്ധതിയുടെ ഭാഗമായി ആറന്മുള കോളേജ് ഓഫ് എൻജിനീയറിങ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേള ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനീഷ്മോൻ ബി എസ് അധ്യക്ഷനായി.
നാല്‍പ്പത് കമ്പനികൾ നേരിട്ടും നാല് കമ്പനികള്‍ ഓണ്‍ലൈനായും പങ്കെടുത്ത തൊഴിൽ മേളയിൽ 410 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. പ്ളസ് റ്റു മുതല്‍ എല്ലാ യോഗ്യതയുമുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ, ഗ്രാഫിക്സ് ഡിസൈനർ, സ്ട്രക്ച്ചറൽ ഡിസൈൻ എൻജിനീയർ, ഇൻറീരിയർ ഡിസൈനർ സെയിൽസ് കൺസൾട്ടന്റ്, ട്രെയിനർ,എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, കസ്റ്റമർ റിലേഷൻസ് ഓഫീസർ തുടങ്ങി നിരവധി തസ്തികകളിലേക്കുള്ള 2500 ഒഴിവുകൾ ആണ് ഉണ്ടായിരുന്നത്.
വിവിധ കമ്പനികളുടെ 520 അഭിമുഖം നടന്നതില്‍ 110 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും, 170 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിവിധ ബ്ളോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള തൊഴില്‍ മേളകൾ നടക്കും. ഒക്റ്റോബര്‍ 25 ന് റാന്നി വൈക്കം ഗവ സ്കൂൾ, പരുമല പമ്പ ഡി ബി കോളേജ്, കാരംവേലി എസ് എൻ ഡി പി എച്ച് എസ് എസ് എന്നിവിടങ്ങളിലും നവംബർ ഒന്നിന് കൈപ്പട്ടൂർ ഗവ. സ്കൂൾ, അടൂർ ഗവ. ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലും തൊഴിൽ മേളകൾ നടക്കും.
ആറന്മുള എൻജിനീയറിങ് കോളേജില്‍ നടന്ന തൊഴിൽ മേളയിൽ പ്രിൻസിപ്പൽ റിനി ജോൺസ് എസ് ബി, വിജ്ഞാന പത്തനംതിട്ട ഡിഎംസി ബി ഹരികുമാർ , മുൻ എംഎൽഎ എ പത്മകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ജൂലി ദിലീപ്, സ്ഥിരം സമിതി അധ്യക്ഷൻ പോൾ രാജൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളായ ശിവൻ, വിശ്വൻ, വിജ്ഞാന പത്തനംതിട്ട പി എം യു അംഗം ജോർജ് വർഗീസ്, കോളേജ് ഓഫ് എൻജിനീയറിങ് ആറന്മുള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുവിൻ സുന്ദർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ പി, സിഡിഎസ് ചെയർപേഴ്സൺ സോമവല്ലി എന്നിവർ സംസാരിച്ചു.
