മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ഉലക നായകൻ കമൽ ഹാസൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിമർശനാത്മകവും വിവേചനപരവുമായ പ്രേക്ഷകർക്കിടയിൽ നാൽപ്പത് വർഷമായി നിലകൊള്ളുന്ന താരമാണ് മോഹൻലാലെന്നാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്.
“വളരെ വിമർശനാത്മകവും വിവേചനപരവുമായ പ്രേക്ഷകർക്കിടയിൽ നാൽപ്പത് വർഷമായി നിലനിൽക്കുന്ന ഒരാൾ. 400 സിനിമകൾ ? പലർക്കും ഇത് വളരെ അവിശ്വസനീയമായി തോന്നിയേക്കാം.
നേരെമറിച്ച് ഞാൻ അദ്ദേഹം പ്രേം നസീറിൻ്റെ 500 സിനിമകളുടെ റെക്കോർഡ് മറികടക്കുന്നതിന് കാത്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ, ഇതിനേക്കാൾ വലിയൊരു ജന്മദിനാശംസ എനിക്ക് നൽകാനില്ല. ആയുരാരോഗ്യം നേരുന്നതിനൊപ്പം മിസ്റ്റർ മോഹൻലാൽ, ഇനിയും ഒരുപാട് റെക്കോഡുകൾ തകർക്കാനാകട്ടെ”- എന്നാണ് കമൽ ഹാസൻ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടി, പൃഥ്വിരാജ്, ശോഭന, മഞ്ജു വാര്യർ, സുരേഷ് ഗോപി തുടങ്ങി താരങ്ങളെല്ലാം മോഹൻലാലിന് ആശംസകൾ അറിയിച്ചിരുന്നു. അതേസമയം ബിഗ് ബജറ്റ് ചിത്രങ്ങളടക്കം നിരവധി സിനിമകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
എമ്പുരാൻ, ബറോസ്, റാം എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ബറോസിലൂടെ സംവിധായകനായും മോഹൻലാൽ അരങ്ങേറുകയാണ്. വർഷങ്ങൾക്ക് ശേഷം ശോഭനയ്ക്കൊപ്പം എൽ 360 എന്ന ചിത്രവും മോഹൻലാലിന്റേതായി വരാനുണ്ട്. 2009 ൽ പുറത്തിറങ്ങിയ ഉന്നൈ പോലൊരുവൻ എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.