അധികമായാൽ വൃക്ക അടിച്ചു പോകും, വിറ്റാമിൻ ഡി ടോക്സിസിറ്റി ലക്ഷണങ്ങൾ…

പുതുതലമുറയ്ക്കിടയിൽ വിറ്റാമിന്‍ ഡിയുടെ അഭാവം സാധാരണമായതോടെ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടിവരികയാണ്. സ്വയം രോഗനിർണയം നടത്തി, ഫാർമസികളിൽ പോയി സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്ന പ്രവണതയും വർധിച്ചുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിൻ ഗുളികകളല്ലേ, ദോഷമുണ്ടാകില്ലല്ലോ എന്ന പൊതുബോധമാണ് ആളുകളെ ഇത്തരത്തിൽ ഡോക്ടർമാരുടെ നിർദേശമില്ലാതെ സപ്ലിമെന്റുകൾ കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ വിദഗ്ധരുടെ നിർദേശമില്ലാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് വൃക്ക ഉൾപ്പെടെ പല അവയവങ്ങളും പണി മുടക്കാൻ കാരണമായേക്കാം.

വിറ്റാമിന്‍ ഡി ഓവര്‍ ഡോസ്

ശരീരത്തിൽ വേണ്ട പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. ഇത് കൊഴുപ്പിനെ അലിയിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പ്രതിരോധ ശേഷിക്കും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വളരെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിൽ നിന്നുമാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ എത്തേണ്ടത്. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റം വിറ്റാമിൻ ഡിയുടെ അഭാവം പുതുതലമുറയ്ക്കിടയിൽ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത് പലപ്പോഴും സപ്ലിമെന്റുകളെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു.

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുന്ന അവസ്ഥയെ വിറ്റാമിൻ ഡി ടോക്സിസിറ്റി എന്നാണ് അറിയപ്പെടുന്നത്. സൂര്യപ്രകാശത്തിലൂടെയോ ഭക്ഷണങ്ങളിലൂടെയോ അല്ല വിറ്റാമിൻ ഡി അധികമായി ശരീരത്തിലെത്തുക. സപ്ലിമെന്‍റ്സ് തന്നെയാണ് ഇതിന് കാരണമായി വരുന്നത്. കാത്സ്യം ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഡി ഉണ്ടെങ്കിൽ രക്തത്തിൽ ഉയർന്ന അളവിൽ കാത്സ്യം അടഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാനോ നെഫ്രോകാൽസിനോസിസ് എന്നറിയപ്പെടുന്ന സ്ഥിരമായ കാത്സ്യം നിക്ഷേപത്തിന് കാരണമാകാനോ ഇടയാക്കും.

കൂടാതെ ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ തുടങ്ങിയ മൃദുവായ ടിഷ്യൂകളിൽ കാത്സ്യം നിക്ഷേപിക്കുന്നതിനും കാരണമാകും. ഇത് അവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമണറി ഫൈബ്രോസിസ്, കിഡ്നി തകരാറുകൾ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി കൂടിയാൽ അത് ദഹന വ്യവസ്ഥയെയും സാരമായി ബാധിക്കും. വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. പേശി വീക്കവും വേദനയും വിറ്റാമിൻ ഡി കൂടുന്നതിന്റെ മറ്റൊരു ലക്ഷണങ്ങളാണ്. ഉയർന്ന വൈറ്റമിൻ ഡി അളവ് ഫോസ്ഫറസിൻ്റെ ആഗിരണം വർധിപ്പിക്കുന്നതിനും കാരണമാകും. ഇത് ശരീരത്തിലെ കാത്സ്യം ഫോസ്ഫറസും തമ്മിലുള്ള സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും എല്ലുകളെ ദുർബലപ്പെടുത്തുന്ന ഹൈപ്പർഫോസ്ഫേറ്റീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഡി ടോക്സിസിറ്റിയുടെ ലക്ഷണങ്ങൾ

ഓക്കാനം, ഛർദ്ദി

വർധിച്ച ദാഹം

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക

പേശി ബലഹീനത

ആശയക്കുഴപ്പം അല്ലെങ്കിൽ ക്ഷീണം

വൃക്ക വേദന

വിറ്റാമിന്‍ ഡി എത്ര അളവ് വരെ ആകാം

വിറ്റാമിന്‍ ഡി വളരെ ചെറിയ അളവില്‍ മാത്രമാണ് ദിവസവും നമ്മള്‍ക്ക് ആവശ്യമായി വരുന്നത്. മുതിര്‍ന്നവര്‍ക്ക് അത്, 400 മുതല്‍ 1000 ഐയു വരെയാണ്. എന്നാല്‍ സപ്ലിമെൻ്റുകളിൽ 4000-6000 ഐയു അളവിലാണ് വിറ്റാമിൻ ഡി ഉണ്ടാവുക. ദിവസവും എടുക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!