തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി വേണുഗോപാല്‍ മാറിയതായി കെ സി വേണുഗോപാല്‍ അനുയായികളുടെ അഭിപ്രായം.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഷാഫി പറമ്പില്‍ അകന്നതിനു പിന്നാലെ, കെ സി വേണുഗോപാലുമായി ചേര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ പുതിയ അധികാര അച്ചുതണ്ടായി മാറിയിരിക്കുകയാണ്. കെ സി വേണുഗോപാലിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള സുഗമമായ പ്രവേശനത്തിനായി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ കെ സിയുടെ ‘ഗ്രൂപ്പ് മാനേജരായി’ പ്രവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്.
കെപിസിസി ഭാരവാഹികളുടെ അഴിച്ചുപണിയോടെ, പുതിയ അധികാര ഗ്രൂപ്പ് പാര്‍ട്ടിയില്‍ പിടിമുറുക്കി. പുനഃസംഘടനയില്‍ 16 ജനറല്‍ സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, നിരവധി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, യൂത്ത് കോണ്‍ഗ്രസിന്റെ നിയന്ത്രണവും കെ സി ഗ്രൂപ്പ് കൈക്കലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാന കോണ്‍ഗ്രസിലും കെ സി വേണുഗോപാല്‍ നിര്‍ണായക സ്വാധീനം ഉറപ്പാക്കുകയാണ്.
കൂടാതെ, ഇതാദ്യമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും കെസി വേണുഗോപാല്‍ പിടിമുറുക്കിയിരിക്കുന്നു. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 6 പേര്‍ ഇപ്പോള്‍ കെസിയുടെ വിശ്വസ്തരാണ്. രമേശ് ചെന്നിത്തലയെ 5 പേരും ‘എ’ ഗ്രൂപ്പിന് 3 പേരും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രണ്ടു പേരുമാണ് പിന്തുണയ്ക്കുന്നത്. രണ്ട് എംഎല്‍എമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു.
പുനഃസംഘടനയില്‍ വേണുഗോപാല്‍ ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വേണുഗോപാലിന്റെ നീക്കങ്ങള്‍ രഹസ്യവും കണക്കുകൂട്ടലോടെയു ഉള്ളതുമായിരുന്നുവെന്നാണ് കെസിയുമായി അടുപ്പമുള്ളവരുടെ അഭിപ്രായം.
