രാമക്ഷേത്ര പ്രതിഷ്ഠ നാളെ; കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ; പാസോ, ക്ഷണക്കത്തോ ഇല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല

അയോധ്യ : രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ.

പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ പ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

അതിഥികള്‍ രാവിലെ മുന്‍പായി എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 11.30 മുതല്‍ 12.30 വരെ ഒരുമണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.

പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. നൂറുക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉത്സവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്.

വിഗ്രഹത്തിന്റെ ചിത്രം പുറത്തായതില്‍ അന്വേഷണം.

പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!