8 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍; ഡിഐജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് ഒന്നരക്കിലോ സ്വര്‍ണം, അഞ്ച് കോടി രൂപ, 22 ആഡംര വാച്ചുകള്‍

ചണ്ഡിഗഡ്: ബിസിനസുകാരനില്‍ നിന്ന് എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജിയെ സിബിഐ പിടികൂടി. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡി.ഐ.ജി) ഹര്‍ചരണ്‍ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തു.

ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27 ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. വിജിലന്‍സ് ബ്യൂറോയില്‍ ജോയിന്റ് ഡയറക്ടറായും ജാഗ്രോണ്‍, മൊഹാലി, സംഗ്രൂര്‍ എന്നിവിടങ്ങളില്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഞ്ചാബ് മുന്‍ ഡിജിപി മെഹല്‍ സിങ് ബുല്ലാറുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!