ബസവനഗുഡി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി, ജൂനിയര്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ബസവനഗുഡിയിലെ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളജില്‍ വിദ്യാര്‍ഥി ബലാത്സംഗത്തിന് ഇരയായതായി പരാതി. ബിഎംഎസ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥിനിയാണ് ഇതേ കോളജിലെ വിദ്യാര്‍ഥിയുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ കോളജിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ജീവന്‍ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി.

ഒക്ടോബര്‍ 10 ന് ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നത്. ഉച്ചഭക്ഷണ ഇടവേളയില്‍ ആറാം നിലയില്‍ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ജീവന്‍ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിനിടെ വിദ്യാര്‍ഥിനിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയിരുന്നു എന്നും കോളുകള്‍ കട്ടാക്കിയതായും ആരോപണമുണ്ട്.

അതിക്രമം നടന്ന വിവരം പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം ജീവന്‍ വിളിച്ച് ഗര്‍ഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവം രക്ഷിതാക്കള്‍ അറിഞ്ഞതിന് പിന്നാലയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!