ചെന്നൈ : ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഇതിനെതിരെ പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ബിസ് ബോസ് നേരിടുന്നത്. മലയാളം പ്രോഗ്രാം മോഹന്‍ലാല്‍ ആണ് ആങ്കര്‍ ചെയ്യുന്നതെങ്കില്‍ ബിസ് ബോസ് തമിഴ് ഇത്തവണ അവതരിപ്പിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്.
ബിഗ് ബോസ് തമിഴ് സീസണ് 9 ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. പരിപാടിക്കെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വലിയ സമരം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. ഡിഎംകെ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് തമിഴക വാഴ്‌വുരിമൈ കക്ഷി. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.
ബിഗ് ബോസ് തമിഴ് സംസ്‌കാരത്തെ മലീമസമാക്കുന്നു എന്നാണ് ടിവികെ എംഎല്‍എ വേരുമുരുകന്‍ ആരോപിക്കുന്നത്. പാരമ്പര്യത്തിന് എതിരായ കാര്യങ്ങളാണ് ഷോയില്‍ കാണിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കും. അംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ. കുടുംബത്തോടൊപ്പം കാണാന്‍ സാധിക്കാത്ത പരിപാടി നിരോധിക്കണം എന്നും വേലുമുരുകന്‍ ആവശ്യപ്പെട്ടു.
വൃത്തികേട് കാണിക്കുന്ന ഷോ ആണിത്. ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ല എന്നേയുള്ളൂ. കിടപ്പറ, ചുംബന രംഗങ്ങളെല്ലാം കാണിക്കുന്നുണ്ട് എന്നും എംഎല്‍എ പറയുന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് വേലുമുരുകന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കടുത്ത നടപടി വേണമെന്നും വേലുമുരുകന്‍ പറഞ്ഞു.
നിയമസഭയില്‍ പ്രമേയം അവതിരിപ്പിക്കുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചാല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രി ഇത് നിരോധിച്ചില്ലെങ്കില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സമരം ചെയ്യും. ബിബ് ബോസ് നടക്കുന്ന സ്ഥലത്തും വിജയ് ടെലിവിഷന്‍ ഓഫീസിന് മുന്നിലുമാകും പ്രതിഷേധം എന്നും വേലുമുരുകന്‍ പറഞ്ഞു. ഇതോടെ വരുംദിവസങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
ബിഗ് ബോസ് തമിഴ് സീസണ് 9 ഈ മാസം 5നാണ് ആരംഭിച്ചത്. അഭിനേതാക്കള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ടിവി ആങ്കര്‍മാര്‍, ഹാസ്യതാരങ്ങള്‍, മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെല്ലാമാണ് ഇത്തവണ ഷോയിലുള്ളത്. മൊത്തം 20 മല്‍സരാര്‍ഥികളാണ് ഈ സീസണില്‍. നടന്‍ വിജയ് സേതുപതി ഇത്തരം പരിപാടിക്ക് മുന്നില്‍ നില്‍ക്കുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.
