‘ഭീഷണിയുടെ സ്വരം, ജീവിതത്തിൽ അംഗീകരിക്കില്ല എന്നത് കൊണ്ട് ഗ്രൂപ്പിൽ നിന്ന് ഇറങ്ങുന്നു’; വെളിപ്പെടുത്തി മാല പാർവതി

കൊച്ചി : താരസംഘടനയായ അമ്മയുടെ തെരഞ്ഞെ‌ടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തവേ സംഘടനയിലെ സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ വിഷയങ്ങൾ വെളിപ്പെടുത്തി മാല പാർവതി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ചിലർ ഒരുക്കിയ തന്ത്രങ്ങളുടെ ഭാഗമാണ് ആ ഗ്രൂപ്പെന്നും അതിൽ പങ്കുവച്ച കാര്യങ്ങൾ ഒരു യൂട്യൂബർക്ക് ചോർത്തിക്കൊടുത്തത് അതിലെ അംഗം തന്നെയാണെന്നും മാലാ പാർവതി ആരോപിച്ചു.

ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പുറത്തു പങ്കുവയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച അഡ്മിൻ പാനലിലെ അംഗം തന്നെ ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തി കൊടുക്കുന്നതിലുള്ള ആശങ്കയും മാല പാർവതി പങ്കുവച്ചു. ഉഷ ഹസീനയെ പേരെടുത്ത് പരാമർശിച്ചാണ് മാല പാർവതിയുടെ പോസ്റ്റ്.

മാല പാർവതിയുടെ വാക്കുകൾ

‘‘മോഹൻലാൽ മാറിയതിന് ശേഷം ഉണ്ടായ അധികാര വടം വലിയിൽ, സീറ്റുറപ്പിക്കാൻ തുടങ്ങിയ ഗ്രൂപ്പിൽ അഡ്മിൻ മുമ്പോട്ട് വച്ചിരുന്ന നിർദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നതായിരുന്നു. ശരിയാണ്, ഒരുപാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത്, ഡാറ്റ ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്.

എന്നാൽ ജൂലൈ 16ന് ഒരു യൂട്യൂബ് ചാനലിൽ, താര സംഘടനയിൽ ജാതിവല്ക്കരണവും, കാവി വല്ക്കരണവും എന്ന പേരിൽ ഇറങ്ങിയ വിഡിയോയിൽ, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെക്കൻഡ് ഉള്ള വിഡിയോയിൽ, (- 6.05) -ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാൻ ചെയ്തതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ.

‘മൈ നമ്പർ’ എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണിൽ നിന്ന് തന്നെ. സ്ക്രീൻ ഷോട്ടിലെ മൈ നമ്പർ, നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പ് അംഗങ്ങൾക്ക് അത് ഉഷ ഹസീന ആണ്. അങ്ങനെ വാട്സ്ആപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് എക്സ്ക്ലൂസിവ് കണ്ടന്റ് കൊടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി.

പിന്നീടങ്ങോട്ട് യൂട്യൂബര്‍ ‘അമ്മ’യിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.’’‘അമ്മയിലെ പെൺമക്കൾ’ എന്ന ഗ്രൂപ്പിൽ നിന്ന് പുറത്തുവരാനുള്ള കാരണവും മാല പാർവതി മറ്റൊരു പോസ്റ്റിൽ വെളിപ്പെടുത്തി. ഊർമിള ഉണ്ണി, സീമ ജി.നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവർ  ഗ്രൂപ്പ് വിടാനുണ്ടായ സാഹചര്യം തന്നെ അലോസരപ്പെടുത്തിയെന്നും ഗ്രൂപ്പിൽ ‘ഭീഷണിയുടെ സ്വരം’ ഉണ്ടെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!