കൊല്‍ക്കത്ത: ദുര്‍ഗാപൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പെണ്‍കുട്ടികളെ കോളേജിന് പുറത്ത് പോകാന്‍ അനുവദിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന നിലയിലാണ് മമത ബാനര്‍ജിയുടെ പ്രതികരണം.
കോളജ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ അവള്‍ എങ്ങനെ രാത്രി 12.30 ന് പുറത്തിറങ്ങി എന്നായിരുന്നു മമത ബാനര്‍ജിയുടെ ചോദ്യം. എനിക്കറിയാവുന്നിടത്തോളം, സംഭവം നടന്നത് വനമേഖലയിലാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. പെണ്‍കുട്ടികളെ രാത്രിയില്‍ (കോളജിന്) പുറത്ത് പോകാന്‍ അനുവദിക്കരുത്. കുട്ടികള്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പശ്ചിമ ബംഗാളിനെതിരെ പ്രചാരണം നടക്കുന്നു എന്നും ടിഎംസി മേധാവി ആരോപിച്ചു. ‘മൂന്നാഴ്ച മുമ്പ്, ഒഡീഷയിലെ ബീച്ചില്‍ മൂന്ന് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഒഡീഷ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്ന ചോദ്യവും മമത ഉന്നയിച്ചു. മണിപ്പൂര്‍, യുപി, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലേതിന് സമാനമായി മറ്റിടങ്ങളിലും ശക്തമായ നടപടികള്‍ വേണം. മുന്‍പുണ്ടായ സമാനമായ സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചെന്നും മമത ചൂണ്ടിക്കാട്ടി. ദുര്‍ഗാപൂരിലെ സംഭവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മമത വ്യക്തമാക്കി.
