ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭര്‍ത്താവിനെ സ്‌കൂട്ടറില്‍ കടത്തി യുവതി; പൊലീസ് നോക്കിനിന്നു, ‘കംപ്ലീറ്റ് സിനിമാ സ്റ്റെല്‍’

ചണ്ഡീഗഡ്: വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കി തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ, പൊലീസ് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി തടവുകാരനായ ഭര്‍ത്താവിനെ സ്‌കൂട്ടറില്‍ എത്തി കടത്തിക്കൊണ്ടുപോയി യുവതി.

എഎസ്‌ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വച്ചാണ് പൊലീസ് ജീപ്പില്‍ നിന്ന് യുവതിയുടെ സഹായത്തോടെ തടവുകാരന്‍ രക്ഷപ്പെട്ടത്. പക്ഷേ പൊലീസ് ജീപ്പില്‍ നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടത് എങ്ങനെയാണ് എന്ന കാര്യം വ്യക്തമല്ല.

ഹരിയാനയിലെ കോടതിയില്‍ വിചാരണ കഴിഞ്ഞ് തിരിച്ച് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് വിചാരണ തടവുകാരനെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. മഥുര ജയിലിലേക്ക് ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് സ്‌കൂട്ടറില്‍ എത്തിയ ഭാര്യ തടവുകാരനെ കടത്തിക്കൊണ്ടുപോയത്.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടി നേരിടുകയാണ്. പ്രതിയെ പിടികൂടാന്‍ വിവിധ സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ നിയമവിരുദ്ധമായി രക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഹരിയാന സ്വദേശിയായ അനില്‍ ആണ് ഒളിവില്‍ പോയത്. ഹരിയാനയിലും ഉത്തര്‍പ്രദേശിലും അനിലിന്റെ പേരില്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് മഥുര ജയിലിലായിരുന്നു അനിലിനെ തടവിലിട്ടിരുന്നത്. ഹരിയാന ഹോഡലിലെ കോടതിയിലാണ് വിചാരണ നടപടികളുടെ ഭാഗമായി അനിലിനെ കൊണ്ടുപോയത്. വധശ്രമ കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ വാദം നടന്നത്. തിരിച്ച് മഥുര ജയിലിലേക്ക് അനിലിനെ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

നാഷണല്‍ ഹൈവേ 19ല്‍ ഡാബ്ചികില്‍ വച്ചാണ് സംഭവം നടന്നത്. യാത്രാമധ്യേ സ്‌കൂട്ടറില്‍ എത്തിയ അനിലിന്റെ ഭാര്യ, പ്രതിയെയും കൊണ്ട് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!