അയ്യപ്പൻ തന്ന നിയോഗമെന്ന് വിചാരിച്ചാണ് പൂജ ചെയ്തത്…എപ്പോൾ വേണമെങ്കിലും വിജിലൻസ് വിളിക്കാം

ചെന്നൈ : സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നടൻ ജയറാം. അയ്യപ്പൻ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം വ്യക്തമാക്കി. ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും നടൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ജയറാം പറഞ്ഞു.

‘ഓർമ വെച്ച കാലം മുതൽ അയ്യപ്പനെ കാണാൻ പോകുന്നതാണ്. പെട്ടെന്ന് വിളിച്ച് എന്റെ സ്വപ്‌നത്തിൽ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞപ്പോൾ അയ്യപ്പൻ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് ചെയ്തത്. അയ്യപ്പൻ തന്ന അനുഗ്രഹമാണെന്ന് കരുതി. പക്ഷേ ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല. ദേവസ്വം വിജിലൻസ് വിളിച്ച് കാര്യങ്ങൾ ചോദിച്ചു. എപ്പോൾ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞു. അയ്യപ്പന്റെ കാര്യമല്ലേ, നമ്മൾ കൂടെ നിൽക്കണ്ടേ’, ജയറാം പ്രതികരിച്ചു.

ജയറാമിൽ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് ദേവസ്വം വിജിലൻസിന്റെ തീരുമാനം. ഇപ്പോൾ രേഖപ്പെടുത്തിയത് പ്രാഥമിക മൊഴിയാണെന്നും വിജിലൻസ് പറഞ്ഞു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി തള്ളി.

മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളികൾ ജയറാമിന്റെ വീട്ടിൽ എത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടിളപ്പാളികൾ പ്രദർശന വസ്തുവാക്കിയതല്ല. പീഠത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമാണ്. കാണാതായെന്ന് പറഞ്ഞത് വാസുദേവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോൺസർ ചെയ്തിരുന്നുവെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലാണ് നടൻ ജയറാം പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!