ചെന്നൈ : നടൻ വിജയ് കരൂറിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും. ഗർഭിണികളായ രണ്ടു യുവതികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 39 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 38 പേരെയും തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധിപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നുമാണ് റിപ്പോർട്ട്.
ഇന്നു രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷമാണ് മൃതദേഹം വീട്ടുകൊടുക്കുന്നത്. കരൂർ മെഡിക്കൽ കോളേജിലും പരിസരത്തും ജനങ്ങൾ അലമുറയിട്ട് കരയുകയാണ്. പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണവർ. സംഭവത്തിൽ വിജയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർ മരിക്കുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് വിമാന മാർഗം ചെന്നൈയിലേക്ക് പോയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ പ്രതികരിക്കാനോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ തയ്യാറാകാതെയാണ് താരം ചെന്നൈയിലേക്ക് പോയത്. നടന്റെ പെരുമാറ്റത്തിൽ വിമർശനം ശക്തമാകുകയാണ്. അതിനിടെ, വിജയ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ തന്റെ ദുഖം രേഖപ്പെടുത്തി.
തൻറെ ഹൃദയം തകർന്നുവെന്നായിരുന്നു വിജയുടെ പ്രതികരണം. ആരേയും കുറ്റപ്പെടുത്താനോ, സംഭവത്തെ കുറിച്ച് വിശദീകരിക്കാനോ തയ്യാറാകാതെ സംഭവത്തിലുള്ള തൻറെ ദുഃഖം രേഖപ്പെടുത്തുക മാത്രമാണ് വിജയ് ചെയ്തത്. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാർഥിക്കുന്നു.’ – വിജയ് എക്‌സിൽ കുറിച്ചു.
കരൂറിൽ മരിച്ചവരിൽ രണ്ടു ഗർഭിണികളും പിഞ്ചുകുഞ്ഞും വരെ; പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാതെ ബന്ധുക്കൾ…
