ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭനെയും താൻ കൊന്നതാണെന്ന് പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യന്റെ കുറ്റസമ്മതമൊഴി. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കൊന്ന കേസിൽ അറസ്റ്റിലായ ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോഴാണ്, എട്ടുവർഷം പിന്നിട്ടിട്ടും തുമ്പില്ലാതെയിരുന്ന ബിന്ദുപദ്മനാഭൻ തിരോധാനക്കേസിലും വഴിത്തിരിവുണ്ടായത്. വസ്തു ഇടനിലക്കാരനാണ് സെബാസ്റ്റ്യൻ.
ബിന്ദു കൊല്ലപ്പെട്ടതാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ സംശയിച്ചിരുന്നെങ്കിലും പ്രതിയാക്കിയിരുന്നില്ല. കുറ്റസമ്മതമൊഴിയോടെ പ്രതിയാക്കി കൊലക്കേസെടുത്തു.
2017 മുതലുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദുവിനെ സെബാസ്റ്റ്യൻ കൊന്നതായി ഉറപ്പിച്ച് ചേർത്തല കോടതിയിൽ ബുധനാഴ്ച ക്രൈംബ്രാഞ്ച് റിപ്പോർട്ടു നൽകിയത്. ഇയാളെ 30-നു വൈകീട്ട് നാലുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഷെറിൻ കെ. ജോർജ് ഉത്തരവായി.
കൊലപാതകം എങ്ങനെ, എവിടെ നടത്തിയെന്നതിനു വ്യക്തത വരുത്താനും ബിന്ദുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുമായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങിയത്. ബിന്ദുവിനെ കൊല്ലാനായി സംസ്ഥാനത്തും പുറത്തും ആസൂത്രണം നടന്നതായാണു വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, കണ്ണൂർ, കുടക്, ബെംഗളൂരു, വേളാങ്കണ്ണി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇയാളെ എത്തിച്ച് തെളിവു ശേഖരിക്കും.
ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി 2017-ൽ സഹോദരൻ പ്രവീൺകുമാർ നൽകിയ പരാതിയിലാണ് പട്ടണക്കാട് പോലീസ് ആദ്യം കേസെടുത്തത്. ഇതിലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം. ബിന്ദുവിന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി തയ്യാറാക്കിയ കേസിലും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസൻസും എസ്എസ്എൽസി ബുക്കും വ്യാജമായി നിർമിച്ച കേസിലും സെബാസ്റ്റ്യൻ ഒന്നാം പ്രതിയാണ്.
2002 മുതൽ ബിന്ദുവിന്റെ സന്തതസഹചാരിയായി സെബാസ്റ്റ്യൻ ഉണ്ടായിരുന്നു. അപ്പോൾ ബിന്ദുവിന്റെ പേരിൽ കോടികൾ വിലമതിക്കുന്ന സ്വത്തുമുണ്ടായിരുന്നു. സെബാസ്റ്റ്യൻ ഇടനിലക്കാരനായാണ് അതെല്ലാം വിറ്റത്.
ചേർത്തല പോലീസ് അന്വേഷിക്കുന്ന, വിരമിച്ച പഞ്ചായത്തുജീവനക്കാരി ഹയറുമ്മ(ഐഷ-62) തിരോധാന കേസിലും സെബാസ്റ്റ്യൻ സംശയനിഴലിലാണ്.
ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ. ഹേമന്ത്കുമാറാണ് കേസന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ എം. വിനോദ് കോടതിയിൽ ഹാജരായി.
