സര്‍ക്കാരില്‍ വിശ്വാസം, കോണ്‍ഗ്രസും ബിജെപിയും വിശ്വാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ല’; നയം വ്യക്തമാക്കി എൻഎസ്‌എസ്

ചങ്ങനാശ്ശേരി : സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനെ വിശ്വാസമാണെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.

വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാൻ സർക്കാരിന് കഴിയുമായിരുന്നെന്നും എന്നാല്‍ അവർ ചെയ്തില്ലല്ലോ എന്നും സുകുമാരൻ നായർ ചോദിക്കുന്നു. കോണ്‍ഗ്രസിന് വിശ്വാസ പ്രശ്നത്തില്‍ ഉറച്ച നിലപാടില്ലെന്നും കേന്ദ്ര സർക്കാർ വിശ്വാസികള്‍ക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോടും ഞങ്ങള്‍ക്ക് എതിർപ്പില്ല. ആശയങ്ങളോടാണ് എതിർപ്പ്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ അന്നത്തെ മന്ത്രി വി മുരളീധരൻ ശബരിമല വിഷയത്തില്‍ നിയമമുണ്ടാക്കുമെന്ന് പറഞ്ഞു, എന്നിട്ട് എന്തായി വല്ലതും നടന്നോ? കോണ്‍ഗ്രസിനെക്കൊണ്ടും കഴിയില്ല. അതുകൊണ്ട് നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയവർ തന്നെ ആ പ്രശ്നങ്ങള്‍ക്ക് അയവ് വരുത്താൻ ശ്രമിച്ചാല്‍ അവരുടെ ആശയങ്ങളോട് യോജിക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനകത്ത് രാഷ്ട്രീയം ഒന്നുമില്ല.

ബിജെപിയെക്കൊണ്ടും കോണ്‍ഗ്രസിനെക്കൊണ്ടും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് എല്ലാവർക്കും കൃത്യമായി അറിയാം. അവരുടെ നിലപാട് വിശ്വാസികള്‍ക്ക് അനുകൂലമല്ല’- സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!