കോട്ടയം ജില്ലയിൽ ഒരുമാസത്തിനിടെ മയക്കുമരുന്നുകേസിൽ അറസ്റ്റിലായത് 68 പേർ

കോട്ടയം: ഓണത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക പരിശോധനയിലടക്കം ജില്ലയിൽ 68 പേർ മയക്കുമരുന്നു കേസുകളിൽ അറസ്റ്റിലായതായി എക്സൈസ് വകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 22 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 71 എൻ.ഡി.പി.എസ്. (മയക്കുമരുന്നു ലഹരിപദാർഥ നിയമം) കേസുകളാണ് എടുത്തിട്ടുള്ളത്. രണ്ടുവാഹനങ്ങൾ പിടിച്ചെടുത്തതായും നാർക്കോ കോ- ഓർഡിനേഷൻ ജില്ലാതലയോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മയക്കുമരുന്നിനെതിരെയുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനുമാണ് ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ നാർക്കോ കോ-കോർഡിനേഷൻ കമ്മിറ്റി ജില്ലാതല യോഗം ചേർന്നത്.

ഈ കാലയളവിൽ 885 റെയ്ഡുകൾ സംഘടിപ്പിച്ചു. 176 അബ്കാരി കേസുകളിലായി 172 പേർ അറസ്റ്റിലായി. പുകയില ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 411 കേസിൽ 411 പേർ പ്രതികളായി. പിഴയിനത്തിൽ 82220 രൂപ ഈടാക്കി. 88.590 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.  407.750 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും, 44.205 ലിറ്റർ ബിയറും രണ്ടു ലിറ്റർ കള്ളും 6.48 ലിറ്റർ അനധികൃത മദ്യവും പിടിച്ചെടുത്തു. 18.050 കിലോ കഞ്ചാവും 135 ഗ്രാം കഞ്ചാവ് ചോക്ലേറ്റും നാലു കഞ്ചാവ് ചെടികളും 4.409 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

സ്‌കൂളുകളിലും കോളേജുകളിലും  നിലവിലുള്ള പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നതും വിമുക്തി ഡീ അഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതും യോഗം ചർച്ച ചെയ്തു.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതു ൾപ്പെടെയുള്ള മയക്കുമരുന്ന് വിരുദ്ധ പദ്ധതികൾ ഏകോപിപ്പിച്ച് ജില്ലയ്ക്കായി പദ്ധതി രൂപീകരിക്കണമന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർദേശിച്ചു.
ഡീ അഡിക്ഷൻ സെന്ററുകളിൽ ലഹരിമോചിതരായവരുടെയും ബന്ധുക്കളുടേയും അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പദ്ധതി വിപുലമാക്കണ മെന്നും യോഗത്തിൽ നിർദേശം ഉയർന്നു.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, എ.ഡി.എം എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.ആർ. അജയ്, പാലാ ആർ.ഡി.ഒ കെ.പി. ദീപ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി എച്ച്. അലക്സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: എ.ജെ. തോമസ്, ഡ്രഗ്സ് ഇൻസ്പെക്ടർ താര എസ്. പിള്ള, ജില്ലാ ട്രാൻസ്പോർട് ഓഫീസർ എസ്. രമേഷ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ്. ലൈജു, ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!