തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലിനൊപ്പമാണ് അദ്ദേഹം മുരളീമന്ദിരത്തിലെത്തിയത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
കേരളത്തിലെ കോൺഗ്രസിൻറെ പിതാവായാണ് കെ. കരുണാകരനെ കാണുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിര ഗാന്ധിയെ ഭാരതത്തിൻറെ മാതാവായി കാണുന്നത് പോലെയാണിതെന്നും അദ്ദേഹം പറഞ്ഞു.സന്ദർശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ലീഡർ കരുണാകരനെ കേരളത്തിൽ കോൺഗ്രസിന്റെ പിതാവായാണ് ഞാൻ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ മുൻഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്.അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കകക്ഷിയോട് അതുകൊണ്ടു തന്നെ ചെറിയ ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രൻ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനു മര്യാദയായാണ് രാഷ്ട്രീയമില്ലാതെ തന്നെ ഇവിടെ എത്തിയത്. അതിനുള്ള ചോദ്യങ്ങളൊന്നുമില്ല, അതിനുള്ള ഉത്തരങ്ങളും എന്റെ കയ്യിൽ ഇല്ല’, സുരേഷ് ഗോപി പറഞ്ഞു.
രാജ്യം നൽകിയ പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തിൽ എത്തിയത്. ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയിൽ തൻറെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എൻറെ അമ്മയാണെങ്കിൽ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. താൻ ഗുരുസ്ഥാനം കൽപിച്ച രണ്ട് മഹത് വ്യക്തികൾ തൻറെ രാഷ്ട്രീയപാതയിൽ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തിൽ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.