പാലക്കാട്: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍ എത്തി. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ലെന്നും വിശദമായി പിന്നീട് സംസാരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാള്‍ ഇട്ട് സ്വീകരിച്ചു. ലൈംഗികാരോപണങ്ങള്‍ നേരിട്ടതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുല്‍ പാലക്കാട് എത്തിയത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല. എല്ലം വിശദമായി പിന്നീട് പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇന്ന് മുതല്‍ മണ്ഡലത്തില്‍ സജീവമാകും. താന്‍ ഒരുപാട് പ്രതിഷേധങ്ങള്‍ നടത്തിയ ആളാണെന്നും പ്രതിഷേധങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ പറഞ്ഞതിന് അപ്പുറമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.വരും ദിവസങ്ങളില്‍ പാലക്കാട് കാണുമോയെന്ന ചോദ്യത്തിന് പാലക്കാട് കാണാതിരിക്കാന്‍ കാരണങ്ങളുണ്ടോയെന്നായിരുന്നു രാഹുലിന്റെ മറുപടി.
എംഎല്‍എ എത്തുമെന്നറിഞ്ഞ് ഓഫീസ് പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
