’ബിജെപിയോട് അനിഷ്ടമില്ല’.. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പിന്തുണക്കില്ലെന്ന് പാർട്ടി മുൻ MLA എസ്.രാജേന്ദ്രൻ

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കില്ലെന്ന് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ എംഎൽഎ എസ്. രാജേന്ദ്രൻ.

നിലവിൽ ഒരു പാർട്ടിയ്ക്ക് വേണ്ടിയും പരസ്യപ്രചാരണം നടത്തിയിട്ടില്ല. ബിജെപി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾകളിൽ പലരും മുൻ തിരഞ്ഞെടുപ്പുകളിൽ തന്നെ സഹായിച്ചിട്ടുള്ളവരാണ്. ഇവരെ തിരിച്ചു സഹായിക്കും. ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തി ബന്ധമുള്ള സ്ഥാനാർത്ഥികൾക്ക് ഫോണിലൂടെ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എ. രാജക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ചാണ് തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. എന്നാൽ ആരോപണം പിന്നീട് നടന്ന സമ്മേളനങ്ങളിലൊന്നും വന്നിട്ടില്ല. ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചേർന്നാണ് മറയൂരിൽ വച്ച് സമ്മേളന റിപ്പോർട്ട് തനിക്കെതിരാകുന്ന രീതിയിൽ തിരുത്തിയത്. താൻ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ റിപ്പോർട്ടിൽനിന്ന് പൂർണമായി ഒഴിവാക്കി.

പ്രാദേശികമായി ജനങ്ങൾക്ക് നേട്ടമുണ്ടാകുന്നുവെങ്കിൽ ഏതു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്നതിന് തടസമില്ല. 40 വർഷത്തിലേറെ ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം നടത്താനുദ്ദേശിക്കുന്ന സമവായത്തോട് യോജിപ്പില്ല. ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവുമായ ഉയർച്ചയുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കാനാണ് താല്പര്യം. ഇതൊരു അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സ്ഥാനമാനങ്ങൾ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!