ഇടുക്കി ഉടുമ്പന്നൂറിൽ കാട്ടാന വീടു തകർത്തു….

തൊടുപുഴ: ഉടുമ്പന്നൂർ മലയിഞ്ചിയിൽ കാട്ടാന വീടു തകർത്തു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. മലയിഞ്ചി കാക്കരയാനിക്കൽ ചന്ദ്രന്റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവമുണ്ടായത്.

വേളൂർ ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ ഇവിടെ പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ്. വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്ബോൾ ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവര് മറ്റൊരു മേഖലയിൽ ജോലിക്കായി പോയിരിക്കുകയായിരുന്നു.

മലയിഞ്ചി മേഖലയിൽ പതിവായി കൃഷിയും മറ്റും നശിപ്പിക്കുന്ന ഒറ്റയാനാണ് വീടു തകർത്തതെന്നു നാട്ടുകാർ പറഞ്ഞു. ഈ വീടിനു നേരെ മുൻപും രണ്ടു തവണ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിനു സമീപം ആൾക്കല്ല് ഭാഗത്ത് ഇരുനൂറോളം വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു.

ഇവിടെ പതിവായി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാൻ വനം വകുപ്പ് തയാറാകാത്തതില് പ്രതിഷേധിച്ച്‌ നാളെ ആൾക്കല്ല് വനംവകുപ്പ് ഓഫീസിലേക്ക് നാട്ടുകാർ മാർച്ചും ധര്ണയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!