ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ച് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ശനിയാഴ്ച വെള്ളാപ്പള്ളിയെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. ആഗോള അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു. ആഗോള അയ്യപ്പസംഗമത്തെ ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പസംഗമത്തോടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാനസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമത്തിന് ബദല്‍സംഗമം ശരിയല്ല. അയ്യപ്പസംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവര്‍ കാടടച്ച് വെടിവെയ്ക്കുക യാണ്. വിവാദങ്ങള്‍ മാറ്റിവെയ്ക്കണ മെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
”ഈ സംഗമം നടക്കുന്നതോട് കൂടി ശബരിമല ലോകപ്രശസ്തമാകും. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഭക്തര്‍വരുന്നത്. വടക്കേ ഇന്ത്യയില്‍നിന്നും കുറച്ചുപേര്‍ വരും. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുതന്നെ ഇന്ന് അയ്യപ്പനെ അറിയാം. ലോകമാകെ അയ്യപ്പഭക്തരുമുണ്ട്. അയ്യപ്പന്റെ ഭക്തിയും അയ്യപ്പന്റെ പ്രസക്തിയുമെല്ലാം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് എന്തുമാത്രം ഭക്തര്‍വരും. കേരളത്തിലേക്കെന്നല്ല ഇന്ത്യയിലേക്ക് തന്നെ വിദേശപണമൊഴുകാന്‍ തുടങ്ങും. എത്രയോ വണ്ടികളാണ് വരുന്നത്. അതിന്റെ ടാക്‌സ് മുഴുവന്‍ ഇന്ത്യാഗവണ്‍മെന്റിന് കിട്ടും. പെട്രോള്‍ അടിക്കുമ്പോള്‍ പെട്രോളില്‍നിന്നും ടാക്‌സ് കിട്ടും. ഭക്തര്‍ ഉപയോഗിക്കുന്ന മുണ്ട്, തോര്‍ത്ത്, സാമ്പ്രാണി, മാല, കര്‍പ്പൂരം എന്നിവ കൊണ്ടെല്ലാം തൊഴിലെടുത്ത് ജീവിക്കുന്ന ആളുകള്‍ക്കെല്ലാം എന്തുമാത്രം വരുമാനമാണ് ഉണ്ടാകാന്‍ പോകുന്നത്.
കേരളത്തിനും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരുപാട് സമ്പത്ത് ലഭിക്കാന്‍ പോകുന്ന ബൃഹത്തായ സംരംഭമാണിത്. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പോകാനും പ്രാര്‍ഥിക്കാനും കഴിയുന്ന ഒരുപക്ഷേ, ഇന്ത്യയിലെ ഏകക്ഷേത്രം ശബരിമലയാണ്. അതില്‍ കക്ഷിരാഷ്ട്രീയം പറഞ്ഞ്, പിണറായിയെ പറഞ്ഞ്, സ്ത്രീപ്രശ്‌നം പറഞ്ഞ് സമയം കളയേണ്ടതല്ല, അതിനോട് സഹകരിച്ച് അയ്യപ്പനോടുള്ള ഭക്തിയോടുകൂടി പ്രവര്‍ത്തിച്ച് അതിനെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ ശ്രമിക്കേണ്ടതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും ഭക്തരുടെയും ചുമതല. അതിന് തിരിഞ്ഞുനിന്ന് കുത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം കുത്ത് അനുഭവിക്കേണ്ടിവരുമെന്നല്ലാതെ ഈ സംരംഭത്തിന് യാതൊരു കുറവും വരാതെ ഭക്തജനങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.
ഇനി ചര്‍ച്ചകളിലേക്ക് വരൂ. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവിടെ പറയൂ. അത് അവര്‍ കേള്‍ക്കും. പ്രായോഗികമായിട്ടുള്ളത് സ്വീകരിക്കും. അതിനെല്ലാവരും സഹകരിക്കുക. അവിടെയും ഇവിടെയും ഇരുന്ന് പത്രപ്രസ്താവന ഇറക്കിയിട്ട് കാര്യമുണ്ടോ. ബിജെപിക്കാര്‍ എതിര്‍ക്കുമെന്ന് പറഞ്ഞിട്ടില്ല, അവര്‍ വരില്ലെന്നും പറഞ്ഞിട്ടില്ല. നിസ്സഹകരിക്കുമെന്നും പറഞ്ഞിട്ടില്ല. കുമ്മനം പറഞ്ഞത് ഞാന്‍ കേട്ടതാണ്. ഞങ്ങളാരും പോകരുതെന്നോ നിസ്സഹകരിക്കരുതെന്നോ പറയുന്നില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ട്.
ബദല്‍ സംഗമം ശരിയല്ല. ശബരില കേസുകളില്‍പ്പെട്ടുപ്പോയ ഒരുപാട് നിരപരാധികളുണ്ട്. ആ കേസുകള്‍ പിന്‍വലിക്കണം. അതുകൊണ്ട് ഈ ഉദ്ദ്യമത്തെ എതിര്‍ക്കുന്നതാണോ ശരി? അത് ഒരു ആവശ്യമാണ്. അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരോട് പറയുകയുംചെയ്യും. സിപിഎമ്മിനോട് കടുത്ത എതിര്‍പ്പുണ്ടായ സമയത്തല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്. ആ തിരഞ്ഞെടുപ്പില്‍ അല്ലേ 99 സീറ്റില്‍ വിജയിച്ച് പിണറായി പിന്നെയും മുഖ്യമന്ത്രിയായത്. അവര്‍ കാടടച്ച് വെടിവെയ്ക്കുകയാണ്. മനുഷ്യന്റെ ബുദ്ധിയെ ചൂഷണംചെയ്യരുത്”, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
