ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു

ദുബൈ : ചെങ്കടലില്‍ ഹൂതി കേന്ദ്രങ്ങളില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം. മൂന്ന് കപ്പലുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. അതേസമയം ഹമാസുമായി ബന്ദിമോചന ചര്‍ച്ചക്ക് വഴിയൊരുക്കാന്‍ ഖത്തറുമായി ആശയവിനിമയം തുടരുന്നതായി വൈറ്റ്ഹൗസ് വ്യക്തമാക്കി.

ഗസയിലെ ഖാന്‍യൂനുസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. മാള്‍ട്ട പതാക വഹിക്കുന്ന ചരക്കു കപ്പലിനുനേരെയാണ് ചെങ്കടലില്‍ വീണ്ടും മിസൈല്‍ ആകമണം ഉണ്ടായത് സൂയസ് കനാലിലേക്കുള്ള യാത്രക്കിടെ ‘സോഗ്രാഫിയ’എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. 20 ജീവനക്കാരാണ് കപ്പലിലുള്ളത്. 24 മണിക്കൂറിനിടെ മൂന്നാമത് കപ്പലാണ് ചെങ്കടലില്‍ ആക്രമിക്കപ്പെടുന്നത്. ഹൂതികള്‍ മിസൈലുകള്‍ അയക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യു എസ് സെന്‍ട്രല്‍ കമാന്റ് വ്യക്തമാക്കി.

അതിനിടെ, ഗസ്സയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. ജബലിയയിലും റഫയിലും നടത്തിയ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 158 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരിച്ചവരുടെഎണ്ണം 24,285 ആയി. 61,154 പേര്‍ക്ക് പരിക്കുണ്ട്. റബൈത് ലാഹിയയില്‍നിന്ന് 100 റോക്കറ്റ് ലോഞ്ചറുകള്‍ പിടിച്ചെടുത്തതായും ഹമാസിനെ വധിച്ചതായും ഇസ്രയേല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!