വിവാഹത്തിന് ക്ഷണിച്ചുകൊണ്ടുള്ള വാട്സ് ആപ്പ് സന്ദേശം തുറന്നത് മാത്രമേ ഓർമ്മയുള്ളു… അക്കൗണ്ടിൽ നിന്നും ഒറ്റയടിക്ക് പോയത്…

ഹിംഗോലി : സൈബർ തട്ടിപ്പുകൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകിയിട്ടും ആളുകൾ വീണ്ടും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുകയാണ്. അജ്ഞാത നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങൾ തുറക്കും മുൻപായി ശ്രദ്ധിക്കണം എന്ന് നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്ന ഒരു സംഭവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിവാഹ ക്ഷണക്കത്ത് അയച്ചുകൊണ്ട് അജ്ഞാതൻ അയച്ച സന്ദേശം തുറന്നു നോക്കിയ സെക്കന്റിൽ തന്നെ മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലക്കാരനായ സർക്കാർ ജീവനക്കാരന് നഷ്ടമായത് 1,90,000 രൂപയാണ്

“വിവാഹത്തിന് തീർച്ചയായും വരണം. 30-08-2025. സ്നേഹമാണ് സന്തോഷത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോൽ”- എന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഇതിന് താഴെയായി പിഡിഎഫ് ഫയലെന്ന് തോന്നിപ്പിക്കുന്ന ഒരു വിവാഹ ക്ഷണക്കത്ത് ഉണ്ടായിരുന്നു. ഈ ഫയൽ ഓപ്പണ്‍ ചെയ്തതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരന് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.

വിവാഹ ക്ഷണക്കത്തെന്ന പേരിൽ അജ്ഞാത നമ്പറിൽ നിന്നും വന്നത് ഫോണിൽ നുഴഞ്ഞുകയറി വിവരങ്ങൾ മോഷ്ടിക്കുന്ന ഒരു ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പാക്കേജ് (എപികെ) ഫയൽ ആയിരുന്നു. ഫയൽ തുറന്നതോടെ പരാതിക്കാരന്റെ ഫോണിലെ വിവരങ്ങൾ ചോർത്തുകയും അക്കൗണ്ടിലുണ്ടായിരുന്ന പണം കവരു കയായുമായിരുന്നു.

സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ ഹിംഗോലി പോലീസിന് പരാതി നൽകി. സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. അതേസമയം ഇത്തരത്തിൽ അജ്ഞാതർ അയയ്ക്കുന്ന സന്ദേശങ്ങൾ തുറക്കരുതെന്നും പ്രത്യേകിച്ച് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊതുജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!