പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പുരുഷതാരങ്ങൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി നടന്‍ മാധവന്‍

ചെന്നൈ: തെന്നിന്ത്യൻ താരം മാധവന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ആപ് ജൈസാ കോയി. 40-കാരനായ നായകന്‍ വധുവിനെ തേടുന്ന രസകരമായ കഥയാണ് ചിത്രം പറഞ്ഞത്. പ്രായം കൂടുമ്പോള്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ വരച്ചുകാട്ടുന്ന ചിത്രമായിരുന്നു ഇത്. ഈ അരക്ഷിതാവസ്ഥയിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് മാധവന്‍ പറയുന്നു.

‘ആദ്യമായി പ്രായത്തെ കുറിച്ച് ഇങ്ങനെ തോന്നുന്ന സന്ദര്‍ഭങ്ങളിലൊന്ന് നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാര്‍ നിങ്ങളെ ‘അങ്കിള്‍’ എന്ന് വിളിക്കുമ്പോഴാണ്. നിങ്ങള്‍ക്കിത് വലിയ ഷോക്കായിരിക്കും എങ്കിലും നിങ്ങള്‍ അതുമായി പൊരുത്തപ്പെടണം.’ -മാധവന്‍ പറഞ്ഞു.

പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുമ്പോൾ പുരുഷതാരങ്ങൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

‘നിങ്ങള്‍ സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചുവേണമെന്ന് നിങ്ങള്‍ തിരിച്ചറിയും. കാരണം, അവര്‍ നിങ്ങള്‍ക്കൊപ്പം അഭിനയിക്കുമായിരിക്കും, പക്ഷേ ഈ നായകന്‍ സിനിമയുടേ പേരില്‍ അവര്‍ക്കൊപ്പം രസിക്കുകയാണെന്ന് കാണുന്നവര്‍ക്ക് തോന്നും. നടന്‍ അങ്ങനെ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുകയാ ണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ ആ കഥാപാത്രത്തോട് അവര്‍ക്കുള്ള ബഹുമാനം നഷ്ടമാകും.’ -മാധവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!