കേന്ദ്രമന്ത്രിയും എം പിയുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം

തൃശൂർ : കേന്ദ്രമന്ത്രിയും എം പിയുമായ സുരേഷ് ഗോപിക്കെതിരായ കോൺഗ്രസിന്റെ പരാതിയിൽ അന്വേഷണം.

കോൺഗ്രസ് പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറ‍ഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എ സി പിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരെ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി എൻ പ്രതാപൻ ആണ് പരാതി നൽകിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു.

തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115 -ാം നമ്പർ ബൂത്തിലാണ് വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂ.

പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടു നമ്പറിൽ സ്ഥിര താമസക്കാരനാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്ന് പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!