പത്തനംതിട്ട പീഡനം: അന്വേഷണത്തിന് പ്രത്യേകസംഘം; ഡിഐജി അജിത ബീഗത്തിന് മേല്‍നോട്ട ചുമതല; ഇതുവരെ 26 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെയാണ് നിയോഗിച്ചത്. പത്തനംതിട്ട എസ്പി, ഡിവൈഎസ്പി നന്ദകുമാര്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ട്. പത്തനംതിട്ട ലൈംഗിക പീഡനത്തില്‍ 26 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

കേസുമായി ബന്ധപ്പെട്ട് 14 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ വൈദ്യപരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍ ആറുപേരുടെ അറസ്റ്റാണ് രാവിലെ രേഖപ്പെടുത്തിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് സൂചിപ്പിച്ചത്. കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചു വരികയാണ്.

പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവെച്ചവര്‍, പ്രചരിപ്പിച്ചവര്‍ എന്നിവരിലേക്കും അന്വേഷണം നീളുന്നുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇവരെയെല്ലാം കണ്ടെത്തുത എന്ന ലക്ഷ്യത്തോടെ, സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസിന്റെ ശ്രമം. കേസന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

പെൺകുട്ടിയെ കൈമാറാൻ പത്തനംതിട്ട സ്വകാര്യ ബസ്‌സ്റ്റാൻഡ്‌ പ്രതികൾ പ്രധാന കേന്ദ്രമാക്കിയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നിരീക്ഷണമോ, കാമറകളോ ഇല്ലാത്ത ഇവിടുത്തെ ഒഴിഞ്ഞ കോണുകൾ പ്രതികൾക്ക് കൈമാറ്റത്തിന് സഹായകമായി. പെൺകുട്ടിയെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാൻഡിൽനിന്ന് വാഹനങ്ങളിൽ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പൊലീസിനു ലഭിച്ച വിവരം. പീഡിപ്പിച്ചവർ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനംനടന്നതെന്നുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!