കാസർകോഡ് : എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തലൂരിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. ആവേശം വരുമ്പോൾ എന്തും വിളിച്ചു പറയാം എന്ന് കരുതരുത് എന്ന് അദ്ദേഹം താക്കീത് നൽകി. സത്താർ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ സമസ്ത നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുത്തുകോയ തങ്ങളുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ആവേശവും വികാരവും തോന്നിയാല്‍ എന്തും വിളിച്ചുപറയരുതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ സത്താർ പന്തലൂരിനെ അറിയിച്ചത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ജനങ്ങള്‍ക്ക് വെറുപ്പും വിരോധവുമുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.
കാസര്‍കോഡ് പൈവളികെയില്‍ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ജിഫ്രി മുത്തുകോയ തങ്ങൾ സത്താർ പന്തലൂരിന്റെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ചത്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ ആളുണ്ടാകുമെന്നായിരുന്നു സത്താർ പന്തലൂർ തന്റെ വിവാദ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നത്. പ്രസംഗം വിവാദമായതോടെ സത്താറിനെതിരെ പൊലീസ് ഐപിസി 153 പ്രകാരം കേസെടുത്തിരുന്നു.