റായ്പൂര്‍: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണു സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഒരു സംഘമാളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളായി.
പെൺകുട്ടികൾ ആധാർ കാർഡുകൾ കരുതിയിരുന്നില്ല. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ഗ്രീൻ ഗാർഡൻസ് സന്ന്യാസസഭയുടെ മേലധികാരികൾ പറഞ്ഞു.
പ്രശ്നങ്ങൾ പതിവായതോടെ പൊതുവിടങ്ങളിൽ യാത്രചെയ്യുമ്പോൾ സഭാവസ്ത്രം ഉപേക്ഷിച്ച് സാധാരണവേഷം ധരിക്കാൻ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം. ഉത്തരേന്ത്യ യിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ തന്നെയാണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
സഹോദരനൊപ്പം വരുന്ന പെൺകുട്ടികളെച്ചൊല്ലി വിവാദമുണ്ടാകുമെന്നു കരുതിയില്ലെന്ന് മുതിർന്ന കന്യാസ്ത്രീ പറഞ്ഞു. ജോലിക്കുവരുന്ന പെൺകുട്ടികൾക്കൊപ്പം മാതാപിതാക്കളെ കൂട്ടാനും അവരുടെ യാത്രാച്ചെലവ് വഹിക്കാനുമാണ് മറ്റൊരു നിർദേശം. ജാഗ്രത എന്ന നിലയിൽ ഇങ്ങനെ അനൗദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ടെന്ന് അമൃത്സറിൽ പ്രവർത്തിക്കുന്ന ഫാ. സുരേഷ് മാത്യു പറഞ്ഞു.
