കോട്ടയം : ഗൂഗിൾ ചതിച്ചതോടെ കുറുപ്പുംതറയിൽ കാർ തോട്ടിൽ വീണു. ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാറാണ് തോട്ടില്‍ വീണത്. ഇന്ന് രാവിലെ 11 ഓടെ ആയിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു.
കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. മാൻവെട്ടത്തുള്ള ജോസിയുടെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്ന് ജോസി ജോസഫ് പറഞ്ഞു.

തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുൻഭാഗം വീഴാൻപോകുന്നതിനിടെ ഡ്രൈവർ വാഹനം പെട്ടെന്നു നിർത്തിയതാണ് അപകടം ഒഴിവാകാനിടയായത്. തോട്ടിലേക്കിറങ്ങുന്ന വഴിയില്‍ കെട്ടിനിന്ന വെള്ളം കാർ മുന്നോട്ട് നീങ്ങുന്നതിനിടെ കാറില്‍ കയറി. ഉടൻ കാർ യാത്രികർ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു കാർ വീണ് അപകടം സംഭവിക്കുമായിരുന്നു.
രണ്ടു മാസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് വച്ച് മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടിരുന്നു. ശരിയായ ദിശാ സൂചകങ്ങൾ ഇല്ലാത്തതും കൊടുംവളവുമാണ് ഇവിടെ അപകടം ഉണ്ടാകുവാൻ കാരണം. വളവു നിവർത്തി തോടിനു കുറുകെ പാലം നിർമ്മിച്ചാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
