സ്വകാര്യ ബസ് സമരം;  ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി

തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ ഈ മാസം 22-ാം തിയതി മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും ഒരു വിഭാഗം ഉടമകള്‍ പിന്‍വാങ്ങി.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയത്. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്.

ബസ് ഉടമകള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാമെന്ന മന്ത്രിയുടെ ഉറപ്പില്‍ ആണ് നടപടി. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ വിദ്യാര്‍ഥി സംഘടനകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ നിലപാട്. പെര്‍മിറ്റ് സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീരുമാനത്തില്‍ എത്തുമെന്നും മന്ത്രി ബസുടമകളെ അറിയിച്ചു. ബസ് ഉടമകള്‍ ഉന്നയിച്ച ഭൂരിഭാഗം വിഷയങ്ങളിലും ധാരണയായതായി മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തില്‍ മറ്റ് സംഘടനകളും പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയാ യിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!