കൊല്ലം: കടയ്ക്കലിൽ പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു. അഞ്ചൽ കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. വയല വിവിഎംജിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളാണിവർ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നടക്കുന്നുണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കം. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് സംഭവം ഒത്തുതീർപ്പാക്കിയെന്നും മർദനമേറ്റ വിദ്യാർഥികൾ പറയുന്നു. അതിനിടെ, കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്ലസ് വൺ വിദ്യാർഥികൾ പങ്കുവച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്. മർദനമേറ്റ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകി. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുകയാണ്.