രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരണം ; കോൺഗ്രസ് തീരുമാനത്തെ അഭിനന്ദിച്ച് സിപിഐഎം നേതാവ് കെടി ജലീൽ

തിരുവനന്തപുരം : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഉള്ള കോൺഗ്രസ് തീരുമാനത്തെ അഭിനന്ദിച്ച് സിപിഐഎം നേതാവ് കെടി ജലീൽ. ചെയ്ത പാപങ്ങൾക്ക് കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെ ടി ജലീൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.

ഇടതുപാർട്ടികൾ വഴിനടത്തിയ പാതയിലൂടെ കോൺഗ്രസ് മതേതര പ്രയാണത്തിന് തയ്യാറായത് സ്വാഗതാർഹമാണെന്നും ജലീൽ സൂചിപ്പിച്ചു. ബി.ജെ.പിക്ക് തപ്പ് കൊട്ടുന്ന ഏർപ്പാട് കോൺഗ്രസ്സ് നിർത്തിയില്ലെങ്കിൽ പാർട്ടി ഉപ്പുവെച്ച കലംപോലെയാകുമെന്ന് തിരിച്ചറിയാൻ നേതൃത്വത്തിനായത് ശുഭസൂചകമാണ്. കോൺഗ്രസ്സിൻ്റെ വൈകി ഉദിച്ച വിവേകം ബി.ജെ.പി വിരുദ്ധ ഇന്ത്യാമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ അജണ്ടയെ മുൻനിർത്തി ബി.ജെ.പി ചെയ്യുന്ന വർഗ്ഗീയ ചേരിതിരിവിന് ചൂട്ടുപിടിക്കലല്ല തങ്ങളുടെ ജോലിയെന്ന് വൈകിയെങ്കിലും കോൺഗ്രസ്സ് മനസ്സിലാക്കിയത് നന്നായി. നഹ്റുവിയൻ ആശയങ്ങളുടെ പുനരുജ്ജീവനമാണ് വർത്തമാന ഇന്ത്യ ആഗ്രഹിക്കുന്നത്. അതിലേക്ക് അവരെ നയിക്കാൻ മായം ചേരാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവർക്കേ കഴിയൂ. ആ ചേരിയിൽ ഇടതുപക്ഷത്തോടൊപ്പം കോൺഗ്രസ്സും ഉണ്ടാകണം. മറ്റു സെക്കുലർ പാർട്ടികളും അണിനിരക്കണം. വോട്ടിൻ്റെ എണ്ണത്തെക്കാൾ പ്രധാനമാണ് ഓരോ പാർട്ടിയുടെയും ആശയാടിത്തറ” എന്നും കെ ടി ജലീൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!