ആനിക്കാട് : സ്‌കൂള്‍ ബെല്ലടിച്ചതും അവരെല്ലാം ആനിക്കാട് എന്‍എസ്എസ് ഹൈസ്‌കൂളിലെ പഴയ പത്താം ക്ലാസ് വിദ്യാര്‍ഥികളായി. അന്നത്തെ ആ പത്താം ക്ലാസുകാരി ആനന്ദവല്ലി അമ്മ പ്രാര്‍ത്ഥനാ ഗീതമായ ‘അഖിലാണ്ഡ മണ്ഡലമണിയച്ചൊരുക്കി…’ ഈണത്തില്‍ ചൊല്ലി. സഹപാഠികള്‍ എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥനയില്‍ ഒപ്പം ചേര്‍ന്നു.
പ്രാര്‍ത്ഥന കഴിഞ്ഞതും ക്ലാസ് അധ്യാപകന്‍ ചൂരല്‍ വടി മേശപ്പുറത്ത് രണ്ട് പ്രാവശ്യം അടിച്ച് നിശബ്ദത ഉറപ്പാക്കി. പിന്നീട് ഹാജര്‍ വിളിച്ചു. ‘എബ്രഹാം ഇ.ജെ. , ഗോപിനാഥന്‍ നായര്‍ കെ.എ…’. കുട്ടികള്‍ എഴുന്നേറ്റുനിന്ന് ഹാജര്‍ അറിയിച്ചു. ഹാജര്‍ ബുക്കില്‍ അധ്യാപകന്‍ ഹാജര്‍ രേഖപ്പെടുത്തി.
ആനിക്കാട് എന്‍എസ്എസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് 1966 ലെ ബാച്ചായ ഡി-ഡിവഷനിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ അരങ്ങേറിയ വിവിധ രംഗങ്ങളാണിവ.
മണ്‍മറഞ്ഞ അധ്യാപകരെയും സതീര്‍ത്ഥ്യരേയും അനുസ്മരിച്ച് വൈദ്യുതി ബോര്‍ഡിലെ റിട്ട. സീനിയര്‍ സൂപ്രണ്ട് കൂടിയായ പി.എന്‍. ശിവന്‍ സംസാരിച്ചു.
മുഖ്യസംഘാടകനും കൃഷി ഡിപ്പാര്‍ട്ടുമെന്റിലെ മുന്‍ അസി.ഡയറക്ടര്‍ പി.ജെ.ജോസഫ് ആമുഖ പ്രസംഗം നടത്തി. സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കെ.എസ്. ശ്രീധരന്‍ നായരെ ബിഎസ്എന്‍എല്ലിലെ റിട്ട. ഉദ്യോഗസ്ഥ കൂടിയായ വി.ഗീതാദേവി പൊന്നാട അണിയിച്ച് ആദരിച്ചു. സാഹിത്യ ലോകത്തില്‍ തന്റേതായ സംഭാവന നല്കിയ വി. ഗീതാദേവിയെയും ആദരിച്ചു.
കലാകാരനും സിപിഐ നേതാവുമായ ആനിക്കാട് ഗോപിനാഥ് കവിത ആലപിച്ചു. പാസ്റ്റര്‍ വര്‍ഗീസ് കൂരോപ്പട, സ്‌കൂളിലെ നിലവിലുള്ള പ്രധാനാധ്യാപിക ബിന്ദു രാമചന്ദ്രന്‍, പാസ്റ്റര്‍ വര്‍ഗീസ് കൂരോപ്പട എന്നിവര്‍ സംസാരിച്ചു.
തങ്ങള്‍ പഠിച്ച ക്ലാസ് മുറി സന്ദര്‍ശിക്കാനെത്തിയ മുന്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ രാജേശ്വരി ടീച്ചറും സഹ അധ്യാപകരും ചേര്‍ന്ന് മധുരം നല്കി സ്വീകരിച്ചു. പഴയ ക്ലാസ് മുറിയിലിരുന്ന് അവര്‍ സ്‌കൂള്‍ കാലം ഓര്‍മ്മിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ജീവിതയാത്രയില്‍ പലയിടങ്ങളിലായവരുടെ ഒത്തുചേരല്‍ അവിസ്മരണീയമായിരുന്നു. പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്ന് സംഗമത്തിനെത്തിയവരുമുണ്ടായിരുന്നു.