ദോഹയിലെ ഇസ്രയേൽ ആക്രമണം; അപലപിച്ച് ഖത്തർ, എതിര്‍പ്പുമായി ലോകരാഷ്ടങ്ങള്‍ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

ദോഹ/ ടെല്‍ അവീവ്: ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് ഖത്തര്‍. ‘ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു’ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഈ ക്രിമിനല്‍ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു.

‘ഈ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതോടൊപ്പം, ഇസ്രയേലിന്റെ ഈ വിവേകശൂന്യമായ പെരുമാറ്റവും പ്രാദേശിക സുരക്ഷയെ തടസ്സപ്പെടുത്തുന്ന നടപടികളും, തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവര്‍ത്തനവും വെച്ചുപൊറുപ്പിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഉന്നത തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്’ ഖത്തര്‍വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രയേല്‍ പക്ഷേ ഖത്തറിന്റെ പേര് പറയാതെയാണ് പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഇസ്രയേല്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

‘ഹമാസിലെ ഉന്നത ഭീകര നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലി സൈനിക നടപടിയായിരുന്നു. ഇതിന് തുടക്കമിട്ടത് ഇസ്രയേലാണ്, ഇത് നടത്തിയത് ഇസ്രയേലാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തവും ഇസ്രയേല്‍ ഏറ്റെടുക്കുന്നു’ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അനുമതിയോടെയാണ് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. അതേസമയം ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല.

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി എത്തിയ നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഹമാസിന്റെ ആരോപണം. ആദ്യമായിട്ടാണ് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്.

ഇതിനിടെ ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ സൗദി അറേബ്യയും യുഎഇ അപലപിച്ചു. ഖത്തറിന് പൂര്‍ണ്ണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ആക്രമണത്തിന് പശ്ചാത്തലത്തില്‍ അമേരിക്കന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലെ യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദ്ദേശം. അമേരിക്കന്‍ പൗരന്മാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും എംബസി അറിയിച്ചു.

ആക്രമണം ഖത്തറിലെവിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല. സര്‍വ്വീസുകള്‍ സാധാരണ നിലയില്‍ നടക്കുന്നുവെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ മാധ്യസ്ഥ ചര്‍ച്ചകളും നിര്‍ത്തിവെച്ചതായി ഖത്തര്‍ പ്രഖ്യാപിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!