വില്ലനായത് കനത്ത മഴ; നിരവധി തവണ ബസ് മലക്കം മറിഞ്ഞു; പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ മരിച്ചത് അഞ്ച് മലയാളികൾ…

നയ്റോബി : കെനിയയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ (Kenya bus accident) മരിച്ച ആറ് പേരില്‍ അഞ്ചുപേരും മലയാളികള്‍. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര മാസം),എന്നിവരാണ് മരിച്ചത്. ജസ്‌നയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദാണ് പരിക്കേറ്റ് ആശുപത്രിയിലാണ്. ദീര്‍ഘകാലമായി കുടുംബം ഖത്തറിലാണ് താമസം.

അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ പതിനാല് മലയാളികളാണ് ഉണ്ടായിരുന്നത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.

അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്..

തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനായിരുന്നു തീരുമാനം. അതിനിടെയാണ് ഏവരെയും നടുക്കി ബസ് അപകടമുണ്ടായത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!