സുഹൃത്തിനെ സഹായിക്കാൻ കിടപ്പാടം പണയപ്പെടുത്തി; സുഹൃത്ത് മരണപ്പെട്ടതോടെ ലോൺ മുടങ്ങി… ജപ്തി ഭീഷണിയിൽ പ്രവാസി മലയാളി…

മലപ്പുറം : സുഹൃത്തിനെ സഹായിക്കാനായി സ്വന്തം കിടപ്പാടം പണയപ്പെടുത്തിയതോടെ പ്രവാസി മലയാളി ജപ്തി ഭീഷണിയിൽ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി ഉസ്മാനാണ് തന്റെ കിടപ്പാടം സുഹൃത്തായ നിഷാന്ത് കണ്ണന് ലോണെടുക്കാനായി ഈട് നൽകിയത്. എന്നാൽ സുഹൃത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

മൂന്ന് വർഷം മുൻപ് ഉസ്മാൻ വീടിന്റെ ആധാരം പണയപ്പെടുത്തി സ്വന്തം ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ ലോണെടുത്തിരുന്നു. ഇതിനുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയിരുന്നത് ഉറ്റസുഹൃത്തും പൊതു പ്രവർത്തകനുമായ നിഷാന്ത് കണ്ണനായിരുന്നു. ലോണെടുത്ത തുക ഉസ്മാൻ കൃത്യമായി തിരിച്ചടക്കുകയും ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത് ഉസ്മാന്റെ വീടിന്റെ ആധാരം പണയം വെച്ച് നിഷാന്ത് 12 ലക്ഷം രൂപ ലോണെടുത്തു. നിലമ്പൂർ അർബൻ ബാങ്കിൽ നിന്നുമാണ് ലോണെടുത്തത്. പലിശ പെരുകി 19 ലക്ഷത്തോളം അടച്ചുതീർക്കാനുണ്ട്. തുക പൂർണമായും അടച്ചുതീർത്താലെ ബാങ്ക് ജപ്തി ഉൾപ്പടെയുള്ള നടപടികളിൽ നിന്ന് പിന്മാറി ആധാരം തിരിച്ച് നൽകുകയുള്ളു.

തുവ്വൂർ പഞ്ചായത്ത് മെമ്പർ കൂടിയായിരുന്ന നിഷാന്ത് മരണപ്പെടുന്നത് 2023 ഏപ്രിലിൽ ആണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന നിഷാന്ത് മരണപ്പെട്ടതോടെ ദിവസേനയുള്ള ചെലവിനുള്ള വക പോലും കണ്ടെത്താൻ പാടുപെടുന്ന നിഷാന്തിന്റെ ഭാര്യക്ക് ലോൺ തിരിച്ചടക്കാനുള്ള തുക കണ്ടെത്താൻ യാതൊരു വഴിയുമില്ലാതെയായി. ഇതോടെ ഭാരിച്ച തുകയ്ക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് നിഷാന്തിന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം.

തുക തിരിച്ചടക്കാനാകാതെ വന്നതോടെ വലിയ കടക്കെണിയിലാണ് പ്രവാസിയായ ഉസ്മാനും അകപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ശമ്പളത്തിന് സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാനും വീട്ടിലെ ചെലവും മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയുമായി പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയാണ്. ഇപ്പോൾ പണം തിരിച്ചടയ്ക്കണമെന്നും അല്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!